കോഴിക്കോട്: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ്കുമാറിനെതിരായ നീക്കങ്ങള്‍ കേരളത്തില്‍ നടത്തിയത് എല്‍ഡിഎഫ് സര്‍ക്കാരാണെന്നു പ്രതിപക്ഷ നേതാവ് പിണറായി വിജയന്. സിപിഎം വിപുലീകൃത കോഴിക്കോട് ജില്ലാ കമ്മിറ്റിയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിഎസ് സര്‍ക്കാരിന്റെ കാലത്ത് ഗ്യാനേഷ്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു. അദ്ദേഹത്തെ പൊതുമരാമത്ത് സെക്രട്ടറിസ്ഥാനത്തു നിന്നു നീക്കുകയും ചെയ്തു.
എന്നാല്‍, പിന്നീട് എ.കെ. ആന്റണിയുടെ കീഴില്‍ പ്രതിരോധ വകുപ്പിലേക്കു മാറ്റി ഗ്യാനേഷ് കുമാര്‍ സംരക്ഷണം ഉറപ്പാക്കുകയായിരുന്നുവെന്നും പിണറായി പറഞ്ഞു. ഗ്യാനേഷ് കുമാര്‍ ബിജെപിയുടെ ഏജന്റിനെ പോലെയാണു പ്രവര്‍ത്തിക്കുന്നത്. ഗ്യാനേഷ് കുമാര്‍ ബോധപൂര്‍വം കള്ളങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് വ്യക്തമായി. സുപ്രീംകോടതി അംഗീകാരത്തോടെയാണ് എസ്ഐആര്‍ നടപടികള്‍ ചെയ്തതെന്ന തെരഞ്ഞെടുപ്പ് വാദം കള്ളമാണെന്നു വ്യക്തമായിക്കഴിഞ്ഞു. -പിണറായി പറഞ്ഞു.